
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനങ്ങളുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പ്രസ്ഥാനത്തിന്റെ ആവശ്യത്തിനായി മുഖ്യമന്ത്രിയെ വിളിച്ചിട്ട് മറുപടി പോലും തന്നില്ലെന്നും, കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ഇനി മുഖ്യമന്ത്രിയെ കാണാൻ താനില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു സുകുമാരൻ നായരുടെ വിമർശനം. പിണറായി വിജയനെ വിളിച്ചാൽ അദ്ദേഹം തിരിച്ചുവിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സുകുമാരൻ നായർ തന്റെ പി.എയെ വിളിച്ചിരുന്നുവെന്നും, പിന്നീട് താൻ അദ്ദേഹത്തെ തിരിച്ചുവിളിച്ച് സംസാരിച്ച് കാണാമെന്ന് സമ്മതിച്ചിരുന്നുവെന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ഇതിനെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി രംഗത്തെത്തിയത്.ജി. സുകുമാരൻ നായർ പറഞ്ഞത് “വിളിച്ചപ്പോൾ ആദ്യത്തെ പ്രാവശ്യം പറഞ്ഞത് എറണാകുളത്ത് വന്നാൽ കാണാമെന്നാണ്. എറണാകുളത്ത് ചെന്ന് കാണേണ്ട കാര്യമില്ലെന്ന് ഞാൻ പ്രൈവറ്റ് സെക്രട്ടറിയോട് പറഞ്ഞു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് പറയാമെന്ന് അയാൾ മറുപടിയും നൽകി. എന്നാൽ അതിനുശേഷം മുഖ്യമന്ത്രിയോ പി.എയോ എന്നെ വിളിച്ചിട്ടില്ല.
“തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി ഇവിടെ വന്ന് പിന്തുണ ആവശ്യപ്പെട്ടിരുന്നുവെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. എൻ.എസ്.എസ് പ്രവർത്തകരും കരയോഗങ്ങളും സജീവമായി അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുകയും പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ ജയിച്ചുകയറിയതിന് ശേഷം പെട്ടെന്ന് ഇങ്ങനെയൊരു ‘വെളിപാട്’ ഉണ്ടായതിന്റെ കാരണം അറിയില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.