Banner Ads

നാട്ടുകാർക്ക് ദുരിതമായി പാറമ്പുഴ കൊശമറ്റം കവല റോഡ്

കോട്ടയം : നാട്ടുകാർക്ക് ദുരിതമായി പാറമ്പുഴ കൊശമറ്റം കവല റോഡ്. റോഡ് മുഴുവൻ കുഴിയും ചെളി വെള്ളവുമാണ്. വർഷങ്ങളായി റോഡ് തകർന്ന് തരിപ്പണമായിട്ട്.  എന്നാൽ ഈ അവസ്ഥ കണ്ടിട്ടും തിരിഞ്ഞു നോക്കാതെയാണ് അധികൃതർ.  ദിവസവും നൂറു കണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് ഇതുവഴി കടന്നുപോകുന്നത്. ഇതൊരു എളുപ്പവഴിയാണ്.

അതിനാൽ തന്നെ ഈ വഴി ആശ്രയിക്കുന്ന നിരവധി ആളുകളാണ് ഉള്ളത്. തിരുവഞ്ചൂർ കഞ്ഞിക്കുഴി റോഡില്‍ നിന്നും കഞ്ഞിക്കുഴിയില്‍ കടക്കാതെ വേഗത്തില്‍ നഗരത്തിലേക്കും കളക്‌ട്രേറ്റ്,  വട്ടമൂട്,  വിമലഗിരി,  റെയില്‍വേ സ്റ്റേഷൻ തുടങ്ങിയിടങ്ങളിലേക്കും എത്തിച്ചേരാൻ സാധിക്കുന്ന വഴിയാണ് ഇത്. വർഷങ്ങള്‍ക്ക് മുൻപാണ് ഈ റോഡിൽ ടാർ ചെയ്തത്.

പിന്നീട് റോഡില്‍ ഇതുവരെ ടാറിംഗ് നടന്നിട്ടില്ല.  നിരവധി തവണയായിട്ട് പ്രദേശവാസികള്‍ റോഡിന്റെ ശോച്യാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ യാതൊരു ഫലവും കണ്ടില്ല. പ്രധാന റോഡുകള്‍ ശെരിയാക്കുമ്പോഴും ഇടറോഡുകളെ അവഗണിക്കുകയാണ്. തകരാൻ ഇനി ബാക്കിയില്ല, കലുങ്ക് റോഡുകള്‍. കൊശമറ്റം കവല റോഡില്‍ നിരവധി ചെറിയ കലുങ്കുകളും സ്ഥിതി ചെയ്യുന്നുണ്ട്.

കലുങ്കുകളുടെ സംരക്ഷണ ഭിത്തി ഉള്‍പ്പെടെ തകർന്ന് തരിപ്പണമായ നിലയിലാണ്. വീതി കുറഞ്ഞ ഭാഗത്ത് വാഹനങ്ങള്‍ കടന്നുപോകുന്നതിനും പ്രയാസമാണ്. കലുങ്കുകള്‍ക്ക് അടുത്തായി വലുതും ചെറുതുമായ അനവധി കുഴികളാണ് ഉള്ളത്. അപകടത്തിനും സാദ്ധ്യത ഏറെയാണ്.

റോഡ് പരിചയമില്ലാത്തവർ രാത്രി കാലങ്ങളില്‍ ഇതുവഴിയെത്തിയാൽ അപകടത്തില്‍പ്പെടാൻ സാദ്ധ്യതയേറെയാണ്. വാഹനങ്ങളും ഇരുചക്ര വാഹന യാത്രക്കാരും കുഴികളിൽ ചാടി അപകടം സംഭവിക്കുന്നത് പതിവ് കാഴ്ചയാണ്. റോഡിലെ കുഴികള്‍ നികത്തുകയും കലുങ്കുകളുടെ സംരക്ഷണഭിത്തി പുനർനിർമ്മിക്കുകയും റോഡ് സഞ്ചാരയോഗ്യമാക്കുകയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *