Banner Ads

മഞ്ചേരിയിൽ വീട് കുത്തിത്തുറന്ന് 10 പവൻ കവർന്നു; മോഷണം വൈഫൈ ബന്ധം വിച്ഛേദിച്ച്, സിസിടിവി ഡിവിആറും കടത്തി

മലപ്പുറം: മഞ്ചേരി നറുകരയിൽ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. മഞ്ചേരി ദേവി ട്രേഡേഴ്സ് ഉടമ പട്ടലൂർ മന ദിവാകരന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വളരെ ആസൂത്രിതമായാണ് കള്ളൻമാർ മോഷണം നടത്തിയിരിക്കുന്നത്.ചൊവ്വാഴ്ച വൈകീട്ട് ദിവാകരനും ഭാര്യ ശ്രീജയും പട്ടാമ്പിയിലെ ബന്ധുവീട്ടിൽ പോയിരുന്ന സമയത്താണ് കവർച്ച നടന്നത്.

ബുധനാഴ്ച രാവിലെ ഒമ്പതോടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്.വീട്ടിലെ മെയിൻ സ്വിച്ചിൽ നിന്ന് ഫ്യൂസ് ഊരിമാറ്റിയ ശേഷമാണ് മോഷണസംഘം അകത്തുകയറിയത്.തെളിവ് നശിപ്പിക്കുന്നതിനായി വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകളുടെ ഡി.വി.ആർ (DVR) പ്രതികൾ ഒപ്പം കൂട്ടി.വീട്ടിലെ വൈഫൈ (Wi-Fi) കണക്ഷൻ ഉപയോഗിച്ചാണ് അയൽപക്കത്തെ കുട്ടികൾ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പിലെ അർജന്റീന – ഈജിപ്ത് മത്സരം കണ്ടിരുന്നത്.

കളി അവസാനിക്കാറായ സമയത്ത് പെട്ടെന്ന് വൈഫൈ ബന്ധം വിച്ഛേദിക്കപ്പെട്ടതായി കുട്ടികൾ പറഞ്ഞ വിവരം വീട്ടുടമ പൊലീസിന് നൽകിയ മൊഴിയിലുണ്ട്. ഈ സമയത്തായിരിക്കാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.മഞ്ചേരി ഇൻസ്‌പെക്ടർ മനോജ് കെ. ഗോപി, എസ്.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.