
കണ്ണൂർ : പാലിനും മുട്ടയ്ക്കും വിപണിയിൽ വില കുതിച്ചുയർന്നതോടെ അങ്കണവാടികളിലെയും സ്കൂളുകളിലെയും പോഷകാഹാര വിതരണവും ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയില്‍.
പുതിയ സർക്കാർ അധികാരമേറ്റ ശേഷം സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള തുക ഉച്ചഭക്ഷണത്തിനുള്ള തുക അഡ്വാൻസായി നല്‍കിയെങ്കിലും വരവുചിലവ് കണക്കില്‍ അദ്ധ്യാപകരുടെ കീശ കാലിയാകുകയാണ്.
മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികളുടെ ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാര പദ്ധതിയിലെ പ്രധാന ഘടകങ്ങളാണ് പാലും മുട്ടയും. മിൽമ പാൽ വില ലിറ്ററിന് 60 രൂപയായി വർദ്ധിപ്പിച്ചെങ്കിലും സർക്കാർ ഇപ്പോഴും അനുവദിക്കുന്നത് ലിറ്ററിന് 50 രൂപ മാത്രമാണ്.
ബാക്കി തുക സ്കൂളുകൾ സ്വന്തം നിലയ്ക്ക് കണ്ടെത്തേണ്ടി വരുന്നു. നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. വിപണിയിൽ നിലവിൽ ഒരു മുട്ടയ്ക്ക് 9 മുതൽ 10 രൂപ വരെയാണ് വില.
എന്നാൽ സർക്കാർ സ്കൂളുകൾക്ക് അനുവദിക്കുന്നത് 7.50 രൂപ മാത്രമാണ്. ഇത് 10 രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഉത്തരവായിട്ടില്ല. നഷ്ടം സഹിക്കാൻ വയ്യാത്തതിനാൽ ടെൻഡർ ഏറ്റെടുക്കുന്നതിൽ നിന്ന് വിതരണക്കാർ പിന്മാറുകയാണ്.
പാലിനും മുട്ടയ്ക്കും പുറമെ പച്ചക്കറി വിലയിലുണ്ടായ വർദ്ധനവ് സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. മൺസൂൺ കാലത്തുണ്ടായ മഴക്കുറവും ഉത്പാദന കേന്ദ്രങ്ങളിൽ വിളവെടുപ്പ് വൈകുന്നതുമാണ് പച്ചക്കറി വില ഉയരാൻ കാരണം.
തക്കാളി, കാബേജ്, ക്യാരറ്റ്, ബീൻസ്, കോളിഫ്ലവർ, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില ഇരട്ടിയോളമായി.