
ആലപ്പുഴ: ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. ആര്യാട് പഞ്ചായത്ത് 14-ാം വാർഡിൽ അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ് കുമാറിനെയാണ് (37) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ശാഖയിലാണ് തട്ടിപ്പ് നടന്നത്. 2024 മെയ് 10-നാണ് പ്രതി ബാങ്കിലെത്തിയത്.
8.2 ഗ്രാം തൂക്കം വരുന്ന വ്യാജ ആഭരണം പണയം വെച്ച് ഇയാൾ 39,000 രൂപ തട്ടിയെടുക്കുകയായിരുന്നു.പിന്നീട് ബാങ്കിൽ നടന്ന വിശദമായ പരിശോധനയിലാണ് ഇത് സ്വർണമല്ല, മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. പലിശയുൾപ്പെടെ ആകെ 46,672 രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്.സമാനമായ രീതിയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയതിന് 2025-ലും 2026-ലും ഇയാൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ മറ്റ് കേസുകൾ നിലവിലുണ്ട്.
ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം. ജെയുടെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ ബി, എ.എസ്.ഐ വിനോദ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ വിപിൻ ദാസ്, സുജിത്ത്, വിഷ്ണു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.