
കോഴിക്കോട്: വയനാട് മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്ന് ടി. സിദ്ദിഖ് എം.എൽ.എ. പദ്ധതി പ്രദേശത്ത് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്. ചെറിയ മഴ പെയ്താൽ പോലും ഇവിടെ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അപകടസാധ്യത സംബന്ധിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് (PWD) രംഗത്തെത്തി. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കാരണം മഴക്കാലത്ത് ‘സോയിൽ പൈപ്പിങ്’ (Soil Piping), ‘സ്ലോപ്പ് സ്റ്റബിലിറ്റി’ തകരാറുകൾ മൂലവും അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നും, ഇത് തടയാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജൂൺ 25-ന് ചേർന്ന അവലോകന യോഗത്തിൽ പി.ഡബ്ല്യു.ഡി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ തെളിവായി യോഗത്തിന്റെ മിനുട്സ് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടു.
മീറ്റിങ്ങുകളിലും അല്ലാതെയും കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടും കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരമായ പാളിച്ചയുണ്ടായെന്ന് ടി. സിദ്ദിഖ് ചൂണ്ടിക്കാട്ടി. നിർദ്ദേശങ്ങൾ പാലിക്കാതെ മുന്നോട്ട് പോയ സാഹചര്യം അതീവ ഗൗരവത്തോടെ കാണും. ഇക്കാര്യം കൊങ്കൺ റെയിൽവേ അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നതാണ്. ടൗൺഷിപ്പിലും ഇത്തരത്തിൽ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടിട്ടുണ്ട്.
ഇത്രയും അപകടകരമായ രീതിയിൽ മണ്ണ് കൂട്ടിയിട്ടിട്ടും അത് മാറ്റാതിരുന്നത് എന്തുകൊണ്ടാണെന്ന് ഗൗരവമായി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് തുരങ്കപാത നിർമാണം നടക്കുന്ന പ്രദേശത്തെ എല്ലാവിധ നിർമാണ പ്രവൃത്തികളും നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.