Banner Ads

ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു, കല്ലേറു നടത്തി; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. സംഭവത്തിന്റെ ദൃശ്യങ്ങൾ വിലയിരുത്തിയ ശേഷമാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.

ഡിജിറ്റൽ തെളിവുകൾ പരിശോധിക്കണമെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മെയ് 27നാണ് പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വീട്ടിൽ ഇഡി സംഘം എട്ട് മണിക്കൂറോളം പരിശോധന നടത്തിയത്.

പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി. മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്.

റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് കാറുകൾ ആക്രമിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.