Banner Ads

തൃശ്ശൂരിലെ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി അസമിൽ നിന്ന് പിടിയിൽ

തൃശൂർ: നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിൽ യുവാവ് ക്രൂരമർദ്ദനമേറ്റ് കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിലായി. അസം സ്വദേശി നൂർ ആലം ആണ് അറസ്റ്റിലായത്. തൃശൂർ ഈസ്റ്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അസമിൽ എത്തിയാണ് ഇയാളെ പിടികൂടിയത്. ഒഡീഷ സ്വദേശി ധൻപത് നായ്ക് ആണ് കൊല്ലപ്പെട്ടത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

കഴിഞ്ഞ മാസം 18-ന് രാത്രി പത്ത് മണിയോടെ തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിലുള്ള വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ധൻപത് നായ്ക്കും സുഹൃത്തും ഇവിടെയെത്തുകയും, തുടർന്ന് പണത്തെച്ചൊല്ലി കേന്ദ്രം നടത്തിപ്പുകാരുമായി തർക്കമുണ്ടാകുകയുമായിരുന്നു. സർവീസ് മോശമാണെന്ന് പറഞ്ഞ് ആരംഭിച്ച തർക്കം പിന്നീട് കടുത്ത വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു.തുടർന്ന് പ്രതികൾ ഇടിവള ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ധൻപത് നായ്കിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.സംഭവത്തിന് പിന്നാലെ നൂർ ആലം കേരളത്തിൽ നിന്നും അസമിലേക്ക് കടക്കുകയായിരുന്നു. കേസിൽ രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടെ ആറ് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.