
മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ ദ്രവീകൃത പ്രകൃതിവാതകം വഹിച്ചുകൊണ്ടുള്ള ഇന്ധന ടാങ്കർ കപ്പലിന് നേരെ മിസൈൽ ആക്രമണം. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതായി ബ്രിട്ടീഷ് സൈന്യത്തിന്റെ കീഴിലുള്ള യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ ഒമാനിലെ ലിമയ്ക്ക് സമീപമായിരുന്നു സംഭവം. ഹോർമുസ് കടലിടുക്കിൽ നിന്നും തെക്കോട്ട് ഗൾഫ് ഓഫ് ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ടാങ്കറിന്റെ ഇടതുഭാഗത്ത് മിസൈൽ പോലുള്ള ആയുധം വന്ന് പതിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമോ കടലിൽ എണ്ണച്ചോർച്ച പോലുള്ള പരിസ്ഥിതി മലിനീകരണമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്താരാഷ്ട്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇറാന്റെ പ്രതികരണവും യു.എസിന്റെ ആരോപണവും മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് ടാങ്കറിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാൻ ഔദ്യോഗിക ടെലിവിഷൻ വ്യക്തമാക്കിയെങ്കിലും, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ ഭരണകൂടം നേരിട്ട് ഏറ്റെടുത്തിട്ടില്ല.അതേസമയം, മേഖലയിലൂടെ കടന്നുപോയ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം രണ്ട് മിസൈലുകൾ തൊടുത്തുവിട്ടതായി യു.എസ് ഉദ്യോഗസ്ഥർ ആരോപിച്ചു.
മറ്റൊരു കപ്പലിനും ഈ ആക്രമണത്തിൽ നേരിയ കേടുപാടുകൾ സംഭവിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ പുതിയ നീക്കങ്ങൾ അന്താരാഷ്ട്ര സമൂഹവും സുരക്ഷാ ഏജൻസികളും അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.