Banner Ads

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഐ.പി ബിനു ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ സി.പി.എം പ്രവർത്തകർക്ക് തിരിച്ചടി. മുൻ കൗൺസിലർ ഐ.പി ബിനു ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി.കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലും തെളിവെടുപ്പ് നടപടികളും പൂർത്തിയായ സാഹചര്യത്തിൽ തങ്ങൾക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കസ്റ്റഡിയിൽ വച്ചുള്ള കൂടുതൽ അന്വേഷണം ഇനി ആവശ്യമില്ലെന്നും പ്രതികൾ കോടതിയെ ബോധിപ്പിച്ചു.

എന്നാൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. കേന്ദ്ര ഏജൻസിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തത് അതീവ ഗൗരവമുള്ള കുറ്റമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ പ്രത്യേക ആവശ്യപ്രകാരം അക്രമസംഭവങ്ങളുടെ സി.സി.ടി.വി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് ജാമ്യം നിഷേധിച്ചത്.