
തൃശൂർ : അനാശാസ്യ കേന്ദ്രത്തിൽ ക്രൂരമർദ്ദനമേറ്റ് ഒഡീഷ സ്വദേശി കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ മുഖ്യപ്രതി പിടിയിൽ. അസം സ്വദേശിയായ നൂർ ആലം ആണ് അറസ്റ്റിലായത്. തൃശൂർ ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അസമിൽ എത്തിയാണ് ഇയാളെ പിടികൂടിയത്. ഒഡീഷ സ്വദേശി ധൻപത് നായ്ക് ആണ് കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ 18ന് രാത്രി 10 മണിയോടെ തൃശ്ശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിലുള്ള വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ദൻപത് നായ്ക്കും സുഹൃത്തും ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം സർവീസ് മോശമാണെന്ന് ആരോപിച്ച് പണത്തെച്ചൊല്ലി കേന്ദ്രം നടത്തിപ്പുകാരുമായി വാക്കേറ്റമുണ്ടായി.
തർക്കം രൂക്ഷമായതോടെ നടത്തിപ്പുകാർ ഒഡീഷ സ്വദേശികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇടിവള ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. ഗുരുതരമായി പരിക്കേറ്റ ദൻപത് നായിക്ക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും അടക്കം ആറുപേരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. നൂർ ആലം കൂടി പിടിയിലായതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി.