
കൊച്ചി : എറണാകുളം മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ എല്ലാ നടപടികളും ഹൈക്കോടതി ഒരു വർഷത്തേക്ക് സ്റ്റേ ചെയ്തു. ഒരു വർഷത്തിനകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കുമെന്നും ഭൂഉടമകളുമായി ധാരണയിലെത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്.
ഇരുവിഭാഗങ്ങളും പരസ്പര സമ്മതത്തോടെ ഒപ്പുവെച്ച ധാരണാപത്രം സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. കുടിയിറക്കപ്പെടുന്ന ഏഴ് കുടുംബങ്ങൾക്ക് അഞ്ച് സെന്റ് ഭൂമി വീതം സൗജന്യമായി വിട്ടുനൽകാൻ ഭൂഉടമസ്ഥർ നേരത്തെ സമ്മതിച്ചിരുന്നു. ഈ ഭൂമിയിൽ വിവിധ സ്പോൺസർഷിപ്പുകൾ കണ്ടെത്തി സർക്കാർ മുൻകൈ എടുത്ത് അർഹരായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകും.