
കോട്ടയം: എച്ച്. മൗണ്ടിൽ പ്രവർത്തിക്കുന്ന ടിഷ്യൂ പേപ്പർ നിർമാണശാലയിൽ വൻ തീപ്പിടിത്തം. ഞായറാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഫാക്ടറി കോംപ്ലക്സിനുള്ളിലെ ആറോളം കെട്ടിടങ്ങളിൽ മൂന്നെണ്ണം പൂർണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.എളുപ്പത്തിൽ തീ പടരുന്ന ടിഷ്യൂ പേപ്പറുകൾ കെട്ടിടങ്ങളിലുടനീളം വലിയ തോതിൽ സൂക്ഷിച്ചിരുന്നതാണ് അഗ്നിബാധയുടെ ആഘാതം കൂട്ടിയത്. നിമിഷങ്ങൾക്കകം തീ എല്ലാ ഭാഗങ്ങളിലേക്കും ആളിപ്പടരുകയായിരുന്നു.
ഞായറാഴ്ച അവധി ദിനമായിരുന്നതിനാൽ ഫാക്ടറിക്കുള്ളിൽ ജീവനക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇത് വലിയൊരു ദുരന്തം ഒഴിവാക്കി.അപകടവിവരമറിഞ്ഞ് അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ ഉടനടി സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
എന്നാൽ, കെട്ടിടങ്ങളുടെ മുൻവാതിലുകളും ഷട്ടറുകളും ശക്തമായി പൂട്ടിയിരുന്നതിനാൽ ഉള്ളിലേക്ക് കടന്ന് തീ നിയന്ത്രണവിധേയമാക്കുന്നത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയായി. ഒടുവിൽ കെട്ടിടത്തിന്റെ ഗ്രില്ലുകളും കോൺക്രീറ്റ് ഭാഗങ്ങളും തകർത്താണ് അഗ്നിരക്ഷാസേന അകത്തുകടന്നത്. കെട്ടിടത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.