
തൃശൂർ: തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പള വർധനവ് അംഗീകരിച്ച് മാനേജ്മെന്റ്. നഴ്സുമാർക്ക് പ്രതിമാസം 4000 മുതൽ 6000 രൂപ വരെ ശമ്പള വർധനവ് നൽകാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി യു.എൻ.എ (UNA) ഭാരവാഹികൾ വ്യക്തമാക്കി. അനുകൂല തീരുമാനമുണ്ടായതിനെ തുടർന്ന് അമല ആശുപത്രിയിലെ നഴ്സുമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
അതേസമയം, തൃശൂരിലെ മറ്റൊരു പ്രമുഖ ആശുപത്രിയായ ജൂബിലി മിഷനിലെ നഴ്സുമാരുടെ സമരം തുടരുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജൂബിലി മിഷൻ ആശുപത്രിയിലേക്ക് ഉടൻ തന്നെ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംഘടന അറിയിച്ചു.സർക്കാർ തലത്തിൽ അടുത്ത ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമ്പോൾ മാത്രമേ ആവശ്യങ്ങൾ പരിഗണിക്കാനാകൂ എന്ന നിലപാടിലായിരുന്നു മുൻപ് അമല ആശുപത്രി മാനേജ്മെന്റ്. എന്നാൽ ഈ നിർദേശം അംഗീകരിക്കാൻ നഴ്സിങ് സംഘടന തയ്യാറായിരുന്നില്ല.
എന്നാൽ, ശമ്പള വർദ്ധനവ് സംബന്ധിച്ച് ഏപ്രിൽ 1-ന് മാനേജ്മെന്റ് എടുത്ത തീരുമാനം നഴ്സിങ് സംഘടന ഇന്ന് അംഗീകരിക്കുകയായിരുന്നു എന്നാണ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ വിശദീകരണം. സംസ്ഥാനത്തെ മറ്റ് സ്വകാര്യ ആശുപത്രികളെല്ലാം ഇടക്കാല ശമ്പളാശ്വാസം നൽകാൻ തയ്യാറായപ്പോഴും, അമലയും ജൂബിലി മിഷനും മാത്രമാണ് ഇതിന് വിമുഖത കാട്ടിയതെന്ന് സംഘടന ആരോപിച്ചിരുന്നു.