Banner Ads

പി.എസ്.സി യോഗത്തിൽ ചെയർമാൻ ഒറ്റപ്പെട്ടു; നിയമന തട്ടിപ്പ് ഇനി ആഭ്യന്തര വിജിലൻസ് എസ്.പി അന്വേഷിക്കും

തിരുവനന്തപുരം: പി.എസ്.സി യോഗത്തിൽ അംഗങ്ങളുടെ രൂക്ഷവിമർശനത്തെത്തുടർന്ന് ചെയർമാൻ ഒറ്റപ്പെട്ടു. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന രീതിയിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായാണ് യോഗത്തിൽ പ്രധാനമായും ഉയർന്നുവന്ന ആക്ഷേപം. പരീക്ഷാ കൺട്രോളർ നൽകിയ റിപ്പോർട്ടിൽ വിശദമായ അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും, ആ റിപ്പോർട്ട് പരിഗണിക്കേണ്ടതില്ലെന്ന ശക്തമായ നിലപാടാണ് അംഗങ്ങൾ സ്വീകരിച്ചത്.

യോഗത്തിലുണ്ടായ കടുത്ത അമർഷത്തിനൊടുവിൽ, നിലവിലെ നിയമന തട്ടിപ്പ് കേസ് ആഭ്യന്തര വിജിലൻസ് എസ്.പി അന്വേഷിക്കുമെന്നും പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്നും ചെയർമാൻ ഒടുവിൽ പ്രഖ്യാപിച്ചു.പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നേടി നിയമനം സ്വന്തമാക്കിയത് ഒരു ഇടത് സംഘടനാ നേതാവാണെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവം വൻ വിവാദമായത്. ഇതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന കമ്മീഷൻ യോഗം ഈ വിവാദ റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു.തുടർന്ന് കേസ് അന്വേഷിക്കാൻ ആഭ്യന്തര വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തിയെന്നാണ് ആദ്യം വാർത്താക്കുറിപ്പ് ഇറക്കിയിരുന്നത്.

എന്നാൽ, കഴിഞ്ഞ ദിവസം അന്വേഷണച്ചുമതല ചെയർമാൻ പരീക്ഷാ കൺട്രോളറെത്തന്നെ ഏൽപ്പിക്കുകയായിരുന്നു. കൺട്രോളർക്ക് ആഭ്യന്തര വിജിലൻസ് ഓഫീസറുടെ അധിക ചുമതല കൂടി ഉണ്ടെന്നായിരുന്നു ഇതിന് ചെയർമാൻ നൽകിയ വിശദീകരണം. ഈ നടപടിയാണ് അംഗങ്ങളെ പ്രകോപിപ്പിച്ചത്.അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് അംഗങ്ങൾ കടുത്ത നിലപാട് സ്വീകരിച്ചതോടെ, ചെയർമാൻ ഒടുവിൽ വഴങ്ങുകയായിരുന്നു. പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ച്, കേസ് ആഭ്യന്തര വിജിലൻസ് എസ്.പിക്ക് തന്നെ കൈമാറാൻ ഇതോടെ തീരുമാനമായി.