
കൊല്ലം : റെയിൽവേ ട്രാക്കിന് സമീപത്തുകൂടി ഹെഡ്ഫോൺ വെച്ച് അശ്രദ്ധമായി നടന്ന യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. അപകടത്തിൽ യുവാവിന്റെ ഇടതുകൈ അറ്റുപോയി. ആര്യങ്കാവ് കോട്ടവാസൽ തട്ടേക്കാട്ടിൽ ജോൺ തോമസി(25)നാണ് പരിക്കേറ്റത്. ആര്യങ്കാവ് കോട്ടവാസലിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.
ഹെഡ്ഫോൺ ഉപയോഗിച്ച് മൊബൈൽ ഫോണിൽ ശ്രദ്ധിച്ച് ജോൺ തോമസ് റെയിൽവേ ട്രാക്കിനോട് ചേർന്ന് നടന്നുപോവുകയായിരുന്നു. ലോക്കോ പൈലറ്റ് യുവാവിനെ കണ്ട് പലതവണ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകി. എന്നാൽ ഹെഡ്ഫോൺ ഉപയോഗിച്ചതിനാൽ യുവാവ് ട്രെയിൻ വരുന്നത് അറിഞ്ഞതേയില്ല.
ട്രാക്കിന് സമീപത്തുനിന്ന് മാറാതിരുന്നതോടെ ഇയാളെ ട്രെയിൻ തട്ടുകയായിരുന്നു. യുവാവിന്റെ ഇടതുകൈ അറ്റുപോവുകയും ഇരു കാലുകൾക്കും പരിക്കേൽക്കുകയും ചെയ്തു. ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.