
ചേർത്തല: വീട്ടിലുണ്ടായ തർക്കത്തിനിടെ കുഴഞ്ഞുവീണ് മരിച്ച ഗൃഹനാഥന്റെ സംഭവത്തിൽ മകനെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല നഗരസഭ 23-ാം വാർഡ് കരുവയിൽ വെളിയിൽ ജയരാജൻ (58), വൈസ്രോയി കുട്ടൻ എന്നറിയപ്പെടുന്നയാളാണ് മരിച്ചത്. സംഭവത്തിൽ മകൻ ഹരികൃഷ്ണനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായ തർക്കത്തിനിടെ ജയരാജൻ കുഴഞ്ഞുവീണെങ്കിലും ഉടൻ ആശുപത്രിയിലെത്തിക്കാൻ വീട്ടിലുണ്ടായിരുന്നവർ തയ്യാറായില്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മണിക്കൂറുകൾക്ക് ശേഷം മറ്റൊരു സ്ഥലത്ത് താമസിച്ചിരുന്ന മൂത്തമകൻ ശ്രീജിത്ത് വീട്ടിലെത്തി ജയരാജനെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ജയരാജന്റെ ശരീരത്തിൽ മുറിവുകളും മർദനമേറ്റതിന്റെ പാടുകളും കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ ദുരൂഹത സംശയിച്ച് ചേർത്തല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണനെ അറസ്റ്റ് ചെയ്തത്.ഭാര്യ ശ്രീകലയും ഇരട്ടമക്കളായ യദുകൃഷ്ണനും ഹരികൃഷ്ണനുമൊപ്പമായിരുന്നു ജയരാജൻ താമസിച്ചിരുന്നത്.
പച്ചക്കറി കടയിലെ തൊഴിലാളിയായിരുന്ന ജയരാജൻ, മക്കളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യുന്നത് വീട്ടിൽ പതിവായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.സംഭവം നടന്നിട്ടും ഏറെ നേരം ജയരാജനെ ആശുപത്രിയിലെത്തിക്കാതിരുന്നതാണ് മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്ന പ്രധാന കാരണമെന്ന് പൊലീസ് വിലയിരുത്തുന്നു. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.