Banner Ads

തൃശ്ശൂരിൽ ഞെട്ടിക്കുന്ന സംഭവം; ലോഡ്ജ് മുറിയിൽ യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. എടമുട്ടം സ്വദേശിനി ജ്യോതി (30)യാണ് മരിച്ചത്. നഗരമധ്യത്തിലുള്ള ലോഡ്ജിലെ 108-ാം നമ്പർ മുറിയിലാണ് സംഭവം നടന്നത്.കഴിഞ്ഞ 27-നാണ് ഒരു ഓട്ടോ ഡ്രൈവർക്കൊപ്പമെത്തിയ യുവതി ലോഡ്ജിൽ മുറിയെടുത്തത്. രജിസ്റ്ററിൽ എടമുട്ടം സ്വദേശിനി ജ്യോതി എന്ന വിവരമാണ് നൽകിയിരുന്നത്.

ഇന്ന് ഉച്ചയോടെ യുവതിക്കൊപ്പം എത്തിയ ഓട്ടോ ഡ്രൈവർ ലോഡ്ജ് റിസപ്ഷനിലെത്തി, രണ്ട് ദിവസമായി വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ലെന്ന് ജീവനക്കാരെ അറിയിച്ചു. ഇതോടെ സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മുറി ബലമായി തുറന്നപ്പോഴാണ് യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്

. ഇരുവരുടെയും മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.പ്രസവവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണോ മരണത്തിന് കാരണമായതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ മറ്റ് ദുരൂഹതകളുണ്ടോയെന്നും അന്വേഷണം പുരോഗമിക്കുകയാണ്. യുവതിക്കൊപ്പം ലോഡ്ജിലെത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.