Banner Ads

വാഹന മോഡിഫിക്കേഷൻ: കേന്ദ്ര നിയമങ്ങൾ മറികടക്കാനാകില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം:വാഹന മോഡിഫിക്കേഷനുകൾ അനുവദിക്കുന്നതിൽ കേന്ദ്ര ഗതാഗത നിയമങ്ങൾ പൂർണ്ണമായി പാലിക്കേണ്ടതുണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. എന്നാൽ അപകടകരമല്ലാത്ത രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ അനുമതി നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. യുവാക്കൾക്കായി പ്രഖ്യാപിച്ച ഇളവുകൾ നടപ്പിലാക്കുമോ എന്ന സജി ചെറിയാന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അമിതമായ വെളിച്ചം (ഹൈ-ഇന്റൻസിറ്റി ലൈറ്റുകൾ), കാതടപ്പിക്കുന്ന ശബ്ദം എന്നിവ പുറപ്പെടുവിക്കുന്ന തരത്തിലുള്ള രൂപമാറ്റങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല.വാഹനങ്ങളുടെ കളർ കോഡ്, അപകടമുണ്ടാക്കാത്ത തരത്തിലുള്ള അധിക ഫിറ്റിങ്സുകൾ, വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കാത്ത രീതിയിലുള്ള മാറ്റങ്ങൾ എന്നിവ അനുവദിക്കുന്നതിനെക്കുറിച്ച് സർക്കാർ ചർച്ചകൾ നടത്തിവരികയാണ്.റോഡ് സുരക്ഷയെയും കേന്ദ്ര നിയമങ്ങളെയും ബാധിക്കാത്ത തരത്തിൽ, വാഹനങ്ങളിൽ വരുത്തുന്ന ചെറിയ രൂപമാറ്റങ്ങൾക്ക് ഇളവ് നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.