Banner Ads

അന്ന് പരിഹസിച്ചു, ഇന്ന് പരസ്യമായി പുകഴ്ത്തുന്നു; ഊരാളുങ്കൽ വിവാദത്തിൽ യുഡിഎഫിന്റെ ഇരട്ടത്താപ്പ് പൊളിച്ച് വിഎൻ വാസവൻ

തിരുവനന്തപുരം : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ പിന്തുണച്ചുള്ള യുഡിഎഫ് സർക്കാരിന്റെ നിലപാടിനെ പരിഹസിച്ച് മുൻ സഹകരണ മന്ത്രി വിഎൻ വാസവൻ. ഊരാളുങ്കലിന്റെ കാര്യത്തിൽ വൈകിയാണെങ്കിലും യുഡിഎഫിന് ബോധോദയം ഉണ്ടായതിൽ സന്തോഷമുണ്ടെന്ന് വാസവൻ പറഞ്ഞു.

ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഊരാളുങ്കൽ കാഴ്ചവെക്കുന്നതെന്ന് തങ്ങൾ മുൻപ് ചൂണ്ടിക്കാണിച്ചപ്പോൾ അന്ന് പ്രതിപക്ഷത്തിരുന്ന യുഡിഎഫ് അതിനെ കടുത്ത പരിഹാസത്തോടെയാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് ഊരാളുങ്കലിന് മികച്ച നിർമാണ നിലവാരമുണ്ടെന്ന് അവർക്ക് തന്നെ പരസ്യമായി നിയമസഭയിൽ സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്.

ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നേട്ടമാണെന്നും വി എൻ വാസവൻ വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ ഊരാളുങ്കലിനെതിരെ പൊതുവേദികളിലും മാധ്യമങ്ങളിലും പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചവർ തന്നെ രഹസ്യമായി സൊസൈറ്റി ഭാരവാഹികളെ പോയി കണ്ടിരുന്നതായി വിഎൻ വാസവൻ വെളിപ്പെടുത്തി.

തങ്ങളുടെ മണ്ഡലങ്ങളിലെ വികസന പ്രവൃത്തികൾ ഊരാളുങ്കൽ തന്നെ ഏറ്റെടുത്ത് നടത്തണമെന്ന് ഇവർ ഒളിവിൽ ആവശ്യപ്പെട്ടിരുന്നു. ഈ ഇരട്ടത്താപ്പാണ് ഇപ്പോൾ നിയമസഭയിൽ വെളിച്ചത്തായിരിക്കുന്നതെന്നും വിഎൻ വാസവൻ കൂട്ടിച്ചേർത്തു.