
കൊല്ലം : ലഹരിമരുന്ന് കടത്ത് കേസിൽ കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്ത യുവാവിന് എച്ച്ഐവി. ജയിലിൽ വെച്ച് നടത്തിയ രക്തപരിശോധനയിലാണ് പ്രതിക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ഇയാളെ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. സുഹൃത്തുക്കൾക്കൊപ്പം ഒരേ സിറിഞ്ച് മാറിമാറി ഉപയോഗിച്ച് ലഹരിമരുന്ന് ശരീരത്തിൽ കുത്തിവെച്ചതാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി പ്രതി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
പഴയ ചിത്രം വെച്ച് പ്രതിയെ അന്വേഷിച്ചിറങ്ങിയ പോലീസിന് ആദ്യം ഇയാളെ തിരിച്ചറിയാൻ പോലും സാധിച്ചിരുന്നില്ല. കടുത്ത ലഹരി ഉപയോഗവും രോഗബാധയുമാണ് രൂപമാറ്റത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇതേ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട ഒരു കോളേജ് വിദ്യാർത്ഥിയും റിമാൻഡിലാണ്.
പ്രതികൾ ലഹരി കുത്തിവയ്ക്കാൻ ഉപയോഗിച്ച സിറിഞ്ച് മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നും മറ്റാർക്കെങ്കിലും രോഗം പകർന്നിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.