
പാലക്കാട് : മീനാക്ഷിപുരം വണ്ടിത്താവളം കെയോടിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കണ്ട് പോലീസ് വീട്ടിലെത്തിയെങ്കിലും പരാതി നൽകാൻ കുട്ടിയോ അമ്മയോ തയ്യാറായിരുന്നില്ല.
തുടർന്ന് പോലീസ് വിഷയം ചൈൽഡ് ലൈൻ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി ക്രൂരതകൾ തുറന്നുപറഞ്ഞത്. മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടർ ഹോമിലേക്ക് മാറ്റി. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.