
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി ആരതി (27) വർക്കലയിലെ വാടകവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വർക്കല പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. ഭർത്താവിന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ കാരണമാണ് ആരതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ അടയാളങ്ങളും 13 ഓളം മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ഒന്നരവർഷം മുൻപായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ അതുൽ ആരതിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി കുടുംബം പറയുന്നു.
ഭർത്താവ് ശാരീരികമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ ആരതി മുൻപ് അമ്മയ്ക്ക് മൊബൈലിൽ അയച്ചുനൽകിയിരുന്നു. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികളും പറയുന്നു. വിവാഹസമയത്ത് ആരതിയുടെ കുടുംബം 50 പവൻ സ്വർണമാണ് നൽകിയിരുന്നത്.
അതുൽ പലപ്പോഴായി ഇത് പണയം വെക്കുകയും ഒടുവിൽ എട്ട് ലക്ഷം രൂപയ്ക്ക് സ്വർണം വിറ്റ് കാർ വാങ്ങുകയും ചെയ്തു. ഇതിനെച്ചൊല്ലി വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നു. കാർ വാങ്ങിയ ശേഷവും അതുൽ വീണ്ടും പണം ആവശ്യപ്പെട്ട് ആരതിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി കുടുംബം പോലീസിന് മൊഴി നൽകി.