Banner Ads

മൂന്നാറിലെ പാർലമെന്ററി സമിതി സിറ്റിംഗിൽ മുല്ലപ്പെരിയാറും ചർച്ചയാകും; പുതിയ ഡാം വേണമെന്ന ആവശ്യം ഉന്നയിക്കാൻ കേരളം

കൊച്ചി : നാളെ മൂന്നാറിൽ തുടങ്ങുന്ന ജലവിഭവ വിഷയങ്ങൾക്കായുള്ള പാർലമെന്ററി ഉപസമിതിയുടെ സിറ്റിംഗിൽ മുല്ലപ്പെരിയാർ വിഷയവും ഉൾപ്പെടുത്തി. ജെബി മേത്തർ എം പിയുടെ ആവശ്യത്തെ തുടർന്നാണ് നടപടി. രാജീവ് പ്രതാപ് റൂഡി എം പിയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി ഉപസമിതി വിളിച്ചുചേർത്ത യോഗത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

മുല്ലപ്പെരിയാർ വിദഗ്ദ്ധ സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിന്റെ പ്രതിനിധിയെ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യവും യോഗത്തിൽ ചർച്ചയാകും.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായുള്ള വിദഗ്ദ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്ര ഉത്തരവ് തിരുത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.

കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ പരിഗണിച്ചിട്ടുണ്ട്. പ്രതിനിധിയെ നിർദ്ദേശിക്കാൻ കേന്ദ്രം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എത്രയും വേഗം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി കേരളത്തിന്റെ പുതിയ പ്രതിനിധിയെ അതിവേഗം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.