
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് ‘ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന’ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഡി.വൈ.എഫ്.ഐ. ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലവും വഹിച്ചുകൊണ്ട് പുഴയിലൂടെ വള്ളം തുഴഞ്ഞായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ വ്യത്യസ്തമായ പ്രതിഷേധം. ഇതിനുശേഷം ചമ്പക്കുളം കവലയിലും വൻ പ്രതിഷേധ പ്രകടനം നടന്നു. കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ ചമ്പക്കുളം മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വള്ളംകളി നടക്കുന്ന തിങ്കളാഴ്ച കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന് കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു.ഇതിന് ‘പരിഗണിക്കാം’ എന്ന് ഔദ്യോഗികമായി മറുപടി നൽകിയ മുഖ്യമന്ത്രി, പിന്നീട് സീറ്റിൽ വന്നിരുന്ന ശേഷം ഒരുകാരണവശാലും അവധി കൊടുക്കില്ലെന്ന് പറയുകയായിരുന്നു.മൈക്ക് ഓഫാണെന്ന് കരുതി മുഖ്യമന്ത്രി നടത്തിയ ഈ അടക്കം പറച്ചിലിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ രാഷ്ട്രീയ വിവാദമായതും വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതും.