
\തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ക്രിക്കറ്റ് കോച്ച് വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) മൂന്നാമത്തെ കേസിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതോടെ പ്രതിക്ക് ആകെ 47 വർഷം തടവുശിക്ഷ അനുഭവിക്കേണ്ടിവരും. കൂടാതെ 79,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള വിധിച്ചു.നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
ആദ്യ രണ്ട് കേസുകളിലെ ശിക്ഷാകാലാവധി പൂർത്തിയായ ശേഷമായിരിക്കും മൂന്നാമത്തെ കേസിലെ ശിക്ഷ ആരംഭിക്കുക. അതിനാൽ പ്രതിക്ക് തുടർച്ചയായി ജയിലിൽ കഴിയേണ്ടിവരും.2018-ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി തിരുവനന്തപുരത്തെ ഒരു പ്രമുഖ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൽ ചേർന്നത്. പരിശീലനം ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം, പ്രത്യേക പരിശീലനമെന്ന പേരിൽ നെറ്റ്‌സ്, ജിം, വിവിധ ശുചിമുറികൾ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി പ്രതി കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ഇതിനിടെ കുട്ടിയുടെ നഗ്നചിത്രങ്ങളും പ്രതി പകർത്തിയിരുന്നു.
കുട്ടിയുടെ വീട്ടിലെ നെറ്റ്‌സിൽവച്ചും പീഡനം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സ്വകാര്യ പരിശീലനമെന്ന പേരിൽ ഗ്രൗണ്ടിൽ നിന്ന് ആളൊഴിഞ്ഞ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി വിവിധ അവസരങ്ങളിൽ പ്രതി അതിക്രമം നടത്തിയിരുന്നതായും കേസിൽ പറയുന്നു.2021-ൽ കുട്ടി പരിശീലനത്തിനായി മറ്റൊരു കേന്ദ്രത്തിലേക്ക് മാറി. പീഡനവിവരം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ജീവിതം തകർക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വർഷങ്ങളോളം സംഭവം ആരോടും വെളിപ്പെടുത്തിയിരുന്നില്ല.
2024 മാർച്ച് 28-ന് തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയപ്പോൾ വർഷങ്ങൾക്കുശേഷം പ്രതിയെ വീണ്ടും കണ്ടതോടെ കുട്ടിക്ക് മാനസിക അസ്വസ്ഥത അനുഭവപ്പെടുകയും ഭയന്ന് നിലവിളിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ കാര്യം അന്വേഷിച്ചപ്പോഴാണ് വർഷങ്ങളായി മറച്ചുവെച്ചിരുന്ന പീഡനവിവരം പുറത്തറിയുന്നത്.