Banner Ads

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും പുതിയ സുരക്ഷാ മാർഗ്ഗരേഖ നടപ്പിലാക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അങ്കണവാടികൾക്കും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കൊച്ചിയിലെ ഒരു അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.അങ്കണവാടികളിലേക്ക് അനാവശ്യമായി ആളുകളെ പ്രവേശിപ്പിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

കൊച്ചി എളമക്കരയിലെ ഒരു അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ അധ്യാപികയുടെ മകനാണ് കേസിലെ പ്രതി. ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് എളമക്കര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.ഇക്കഴിഞ്ഞ 18-നാണ് സംഭവം നടന്നത്.

കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അങ്കണവാടിയിൽ സ്ഥിരമായി എത്തിയിരുന്ന വ്യക്തിയാണ് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.