
തൃശൂർ: ഗുരുവായൂരപ്പന് കാണിക്കയായി 37 പവൻ തൂക്കമുള്ള സ്വർണക്കിരീടം സമർപ്പിച്ചു. തിരുപ്പൂർ സ്വദേശിയും വ്യവസായിയുമായ രാജൻ പി. നായരാണ് 299.9 ഗ്രാം ഭാരവും വിലയേറിയ കല്ലുകൾ പതിപ്പിച്ചതുമായ സ്വർണക്കിരീടം വഴിപാടായി സമർപ്പിച്ചത്.
ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, അസിസ്റ്റന്റ് മാനേജർ എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ കിരീടം ഏറ്റുവാങ്ങി ഭഗവാനു സമർപ്പിച്ചു. തുടർന്ന് സോപാനപ്പടിയിൽ സമർപ്പിച്ച ഈ സ്വർണക്കിരീടം ചാർത്തിയാണ് ഗുരുവായൂരപ്പന് ഉച്ചപൂജ നടത്തിയത്.
വഴിപാടുകാരനായ രാജൻ പി. നായർക്കും കുടുംബത്തിനും കളഭം, തിരുമുടിമാല, പഴം, പഞ്ചസാര എന്നിവയുൾപ്പെടെയുള്ള ഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ ദേവസ്വം അധികൃതർ കൈമാറി. കഴിഞ്ഞ ദിവസവും ഗുരുവായൂരപ്പന് ഭക്തരിൽ നിന്ന് മറ്റൊരു സ്വർണക്കിരീടം വഴിപാടായി ലഭിച്ചിരുന്നു.