Banner Ads

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞേക്കും; എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്ര പെട്രോളിയം മന്ത്രാലയം

ദില്ലി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറയാൻ സാധ്യതയുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ഇതിനായി ചർച്ച നടത്തി വരികയാണ്. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി ശമിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.ഗാർഹിക സിലിണ്ടർ വിലയിലും മാറ്റം വരാൻ സാധ്യതയുണ്ടെന്നും, പുതുക്കിയ നിരക്ക് ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. എണ്ണ ഇറക്കുമതി സാധാരണ നിലയിലായെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ ഹോട്ടൽ മേഖലയടക്കമുള്ളവയ്ക്ക് കൂടുതൽ ആശ്വാസം നൽകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നിയന്ത്രണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്. യുദ്ധത്തിന് മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കാനാണ് നിർദേശം.

പി.എൻ.ജി കണക്ഷൻ എടുത്തവർ അത് തുടർന്നുപയോഗിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ തടസ്സങ്ങളെത്തുടർന്നാണ് മുമ്പ് വാണിജ്യ സിലിണ്ടർ വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.