
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഘടനയിൽ നിലവിൽ മാറ്റം വരുത്താൻ സാധ്യതയില്ല. ജൂലൈ ഒന്നിന് അവതരിപ്പിക്കുന്ന ധനബില്ലിൽ നിലവിലെ നികുതി ഘടന തന്നെ തുടരുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ധനബിൽ പാസായാലും പുതിയ ഇനം വീര്യം കുറഞ്ഞ മദ്യം ഉടൻ വിപണിയിലെത്തില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇതിനായി എക്സൈസ് വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. വിഷയത്തിൽ ഘടകകക്ഷികളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തുമെന്നും സർക്കാർ അറിയിച്ചു. മുസ്ലിം ലീഗുൾപ്പെടെയുള്ള ഘടകകക്ഷികൾ എതിർപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കൂടുതൽ ചർച്ചകൾക്ക് സർക്കാർ തയ്യാറാകുന്നത്.
നികുതി ഘടനയിൽ ഉടൻ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടാണ് നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. വിവാദം അവസാനിച്ചുവെന്ന വിലയിരുത്തലിലാണ് നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന എക്സൈസ് മന്ത്രിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ.
ഇതിനിടെ, വിവാദ മദ്യനയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ വീണ്ടും രംഗത്തെത്തി. വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഇളവ് പിൻവലിക്കണമെന്നും ധനബില്ലിൽ നിലവിലെ നികുതി ഘടന ഉൾപ്പെടുത്തരുതെന്നും അദ്ദേഹം തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്