Banner Ads

എഫ്.സി.ആർ.എ ഭേദഗതി ജനാധിപത്യ വിരുദ്ധം: വി.ഡി. സതീശൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏകപക്ഷീയമായി എഫ്.സി.ആർ.എ ചട്ടത്തിൽ വരുത്തിയ ഭേദഗതി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഈ ഭേദഗതിയോടെ രാജ്യത്ത് സന്നദ്ധസംഘടനകൾക്ക് പ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഘ്പരിവാർ സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തിപ്പെടുത്തുന്നതിന്റേതാണ് ഈ ചട്ടഭേദഗതിയെന്ന സംശയം ഉയരുന്നുവെന്നും അദ്ദേഹം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുള്ള ആദിവാസി മേഖലകളിൽ വിദ്യാഭ്യാസവും സാമൂഹിക പ്രവർത്തനങ്ങളും നടത്തുന്ന സന്നദ്ധസംഘടനകളുടെ പ്രവർത്തനം ഈ ചട്ടഭേദഗതിയിലൂടെ തടസ്സപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് രാജ്യത്തെ ഏതൊരു സംഘടനയുടെയും പ്രവർത്തനം നിരോധിക്കാനാകുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ ഉടൻ പിന്മാറണമെന്നും, വിഷയത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും നിലപാട് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു