Banner Ads

പാസ്‌പോർട്ട് എടുക്കാൻ ഇനി കൂടുതൽ ചെലവ്; പുതിയ ഫീസ് പ്രഖ്യാപിച്ച് കേന്ദ്രം

ഡൽഹി: പാസ്‌പോർട്ട് അപേക്ഷാ ഫീസിൽ കേന്ദ്ര സർക്കാർ ഗണ്യമായ വർധനവ് പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ പ്രകാരം 18 വയസ്സിന് മുകളിലുള്ളവർക്ക് 36 പേജുള്ള പാസ്‌പോർട്ടിനായി 2,500 രൂപ നൽകണം. നിലവിലെ 1,500 രൂപയിൽ നിന്ന് 1,000 രൂപയുടെ വർധനവാണിത്.15 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 36 പേജുള്ള പാസ്‌പോർട്ടിന് 1,750 രൂപയായിരിക്കും ഫീസ്. അതേസമയം, 60 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് 3,500 രൂപയായി ഉയർത്തി. തത്കാൽ (Tatkal) പാസ്‌പോർട്ട് സേവനത്തിനും ഫീസ് വർധിപ്പിച്ചിട്ടുണ്ടെന്നും, പുതിയ നിരക്ക് 5,000 രൂപയായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നിലവിൽ ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 27 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. കൂടാതെ 47 രാജ്യങ്ങളിൽ ‘വീസ ഓൺ അറൈവൽ’ സൗകര്യവും 66 രാജ്യങ്ങളിൽ ഇ-വീസ സൗകര്യവും ഇന്ത്യക്കാർക്ക് ലഭ്യമാണ്.ഇതിനിടെ, പാസ്‌പോർട്ട് ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന അന്തിമ രേഖയല്ലെന്നും അത് പ്രധാനമായും ഒരു യാത്രാരേഖ മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വീണ്ടും വ്യക്തമാക്കി. വിദേശയാത്രയ്ക്കും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സ്ഥിരീകരിക്കുന്നതിനുമാണ് പാസ്‌പോർട്ട് നൽകുന്നത്.

പാസ്‌പോർട്ടിനെ പൗരത്വം തെളിയിക്കുന്ന മറ്റ് ഔദ്യോഗിക രേഖകളുമായി താരതമ്യം ചെയ്യരുതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പാസ്‌പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, ഈ രേഖ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ തിരിച്ചുവാങ്ങാൻ അധികാരമുള്ളതുമാണെന്ന് അധികൃതർ അറിയിച്ചു.