
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചർച്ചയ്ക്ക് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ച മുഖ്യമന്ത്രി, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്ന ബജറ്റാണിതെന്ന് വ്യക്തമാക്കി. പോയ സർക്കാർ എവിടെയെല്ലാം പരാജയപ്പെട്ടോ, അവിടെയെല്ലാം കൃത്യമായ ബദൽ നിർദ്ദേശങ്ങളുമായാണ് യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഒരു രാഷ്ട്രീയ വിമർശനമല്ല, മറിച്ച് ആധികാരിക രേഖയാണ്. കാലഘട്ടത്തിനനുസരിച്ച മാറ്റങ്ങളാണ് ബജറ്റിലുള്ളത്.പാവപ്പെട്ടവന്റെ തലയിൽ നികുതിഭാരമോ വൈദ്യുതി ചാർജ് വർദ്ധനവോ അടിച്ചേൽപ്പിക്കാതെ തന്നെ ഖജനാവ് നിറയ്ക്കാനുള്ള സാമ്പത്തിക സ്രോതസ്സുകൾ സർക്കാർ കണ്ടെത്തും.പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റാണ്. എൽഡിഎഫ് കടത്തിലാക്കിയ കെഎസ്ഇബിയെ ലാഭത്തിലാക്കും. കെഎസ്ആർടിസിയെ സ്വയംപര്യാപ്തമാക്കും.
സപ്ലൈകോയിൽ ‘സപ്ലൈ ചെയിൻ മാനേജ്മെന്റ്’ മോഡൽ നടപ്പിലാക്കി സ്ഥാപനത്തെ ലാഭത്തിലാക്കും.കരിമണൽ മേഖല സ്വകാര്യവത്കരിക്കാൻ ഉദ്ദേശിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമാണ് ലക്ഷ്യം. മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണം (Value Addition) മാത്രമാണ് ബജറ്റിലൂടെ ഉദ്ദേശിച്ചത്.”യുഡിഎഫ് സർക്കാരിന് പുതിയൊരു സാമ്പത്തിക പോളിസിയുണ്ട്. ഞങ്ങൾ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഇവിടെ ‘യു-ടേൺ’ ഇല്ല, വാക്ക് മാറലുമില്ല.”
മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സഭയിൽ വലിയ തോതിൽ പ്രതിപക്ഷ ബഹളമുണ്ടായി. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സംസാരിക്കാൻ അവസരം നൽകാത്തതിനെതിരെ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. ബാലഗോപാൽ നിരന്തരം ബഹളമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.മുഖ്യമന്ത്രിയുടെ ചില പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ശക്തമായി രംഗത്തുവന്നു.
പ്രതിപക്ഷത്തെ നേരിടേണ്ടത് ഇങ്ങനെയല്ലെന്നും, ‘നിങ്ങൾക്ക് അവകാശമില്ല’ എന്ന് പ്രതിപക്ഷത്തോട് പറയാൻ മുഖ്യമന്ത്രിക്ക് എന്താണ് അധികാരമെന്നും പിണറായി വിജയൻ ചോദിച്ചു. എന്നാൽ, സർക്കാരിന്റെ നയം വിശദീകരിക്കാൻ മുഖ്യമന്ത്രിക്കുള്ള അവകാശത്തെ തടസ്സപ്പെടുത്താൻ പ്രതിപക്ഷത്തിന് അധികാരമില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് സ്പീക്കർ റൂളിംഗ് നൽകി.
സംസ്ഥാനത്തിന്റെ വികസനത്തിന് എല്ലാ മേഖലകളിലും സ്വകാര്യ പങ്കാളിത്തം ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.വരുമാനമുണ്ടാക്കുന്ന പദ്ധതികൾക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്.കേരളത്തിലേക്ക് വരുന്ന ഒരു നിക്ഷേപകനും ഇനി നിരാശയോടെ മടങ്ങേണ്ടി വരില്ല.പദ്ധതികൾ അനാവശ്യമായി വൈകുന്നത് തടയാൻ പ്രത്യേക ‘പ്രൊജക്ട് ഇംപ്ലിമെന്റേഷൻ പ്രോട്ടോക്കോൾ’ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.