Banner Ads

കാസർകോട് ലഹരിസംഘമെന്ന് തെറ്റിദ്ധരിച്ച് യുവാക്കൾക്ക് നേരെ ക്രൂരമർദ്ദനം; അഞ്ചുപേർക്കെതിരെ കേസ്

കാസർകോട്: അജാനൂർ വില്ലേജിലെ അതിഞ്ഞാലിൽ കാർ യാത്രക്കാരായ മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. യുവാക്കൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന തെറ്റിദ്ധാരണയെത്തുടർന്നാണ് നാട്ടുകാരായ ഒരുസംഘം ആളുകൾ ആക്രമണം നടത്തിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

അജാനൂർ ഇക്ബാൽ സ്കൂളിന് സമീപം താമസിക്കുന്ന താഴെ പറയുന്നവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ഷബീർ (ഒന്നാം പ്രതി),ആസിഫ് (രണ്ടാം പ്രതി),നാസർ,ജുനൈഫ്, സമദ്പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 126(2), 115(2), 118(1) എന്നീ വകുപ്പുകൾ പ്രകാരമാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തിരിക്കുന്നത്.ജൂൺ 18-ന് പുലർച്ചെ 12:55 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അതിഞ്ഞാൽ സ്വദേശിയായ മുഹമ്മദ് നഫീഹ് (17), സുഹൃത്തുക്കളായ മുഹമ്മദ് അൻഷാദ്, മുഹമ്മദ് സഹൽ എന്നിവർ സഞ്ചരിച്ചിരുന്ന കാർ (KL 05 P 0724) കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടെ പ്രതികൾ തടഞ്ഞുനിർത്തുകയായിരുന്നു.രണ്ടാം പ്രതിയായ ആസിഫ് കാറിനുള്ളിൽ കയറി ബലമായി ചാവി കൈക്കലാക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത അൻഷാദിനെ പ്രതികൾ തള്ളിമാറ്റി. തുടർന്ന് ഒന്നാം പ്രതിയായ ഷബീർ കാറിന്റെ ചാവി ഉപയോഗിച്ച് നഫീഹിന്റെ നെഞ്ചിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

മറ്റ് പ്രതികൾ ചേർന്ന് കാറിലുണ്ടായിരുന്ന അൻഷാദിനെയും സഹലിനെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.പരിക്കേറ്റ നഫീഹ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജൂൺ 23-നാണ് പോലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.