
കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയെച്ചൊല്ലിയുള്ള ദുരൂഹതകൾക്ക് വിരാമം. പള്ളിക്കമ്മിറ്റിയുടെ പരാതിയെത്തുടർന്ന് ഇന്ന് രാവിലെ കല്ലറ തുറന്നു നടത്തിയ പ്രാഥമിക പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കല്ലറയിൽ മൂന്ന് മൃതദേഹങ്ങൾ ഉണ്ടെന്നായിരുന്നു ആദ്യ സംശയമെങ്കിലും, സംശയാസ്പദമായ രീതിയിൽ കണ്ട പായ മൃതദേഹത്തിന് അടിയിൽ വെച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കല്ലറ വീണ്ടും അടച്ചു.
കല്ലറയിലുള്ളത് മുൻപ് നിയമപരമായി അടക്കം ചെയ്ത മൃതദേഹങ്ങൾ തന്നെയാണ്. 2006-ൽ അന്തരിച്ച മറിയ, 2015-ൽ അന്തരിച്ച ജെയിംസ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇവയെന്ന് എഎസ്പി ജയരാജ് വ്യക്തമാക്കി.കല്ലറയ്ക്കുള്ളിൽ കണ്ട പായ മറിയയുടെ മൃതദേഹത്തിന് അടിയിൽ വെച്ചിരുന്നതാണെന്ന് പൊലീസ് കണ്ടെത്തി.കൂടുതൽ വ്യക്തതയ്ക്കായി മൃതദേഹങ്ങളുടെ ഡിഎൻഎ (DNA) സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ കല്ലറയിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.
ഈ മാസം 13-ാം തീയതി ശനിയാഴ്ച, മറ്റൊരു സംസ്കാര ചടങ്ങിനായി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് സംഭവം വിവാദമാകുന്നത്. പായയിൽ പൊതിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. രേഖകളിൽ ഇല്ലാത്ത മൃതദേഹമാണെന്ന സംശയവും, പായയിൽ പൊതിഞ്ഞ നിലയിൽ കാണപ്പെട്ടതും അസ്വാഭാവികത വർദ്ധിപ്പിച്ചു.തുടർന്ന് പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിലിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
2019-ൽ സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറകളുടെ നമ്പറുകളിൽ മാറ്റം വന്നിട്ടുണ്ടെന്നും, മുൻപ് സംസ്കരിച്ച മൃതദേഹങ്ങൾ തന്നെയാകാം ഇതെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് നടത്തിയ കല്ലറ പരിശോധനയോടെ ഈ നിഗമനം ശരിയാണെന്ന് തെളിയുകയായിരുന്നു. ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വരുന്നതോടെ കേസിൽ പൂർണ്ണമായ വ്യക്തത കൈവരും.