
തിരുവനന്തപുരം: മദ്യനികുതി ഇളവിലെ ശതകോടികളുടെ അഴിമതി സഭയിൽ ചർച്ച ചെയ്യുന്നത് വിലക്കിയതിലൂടെ യുഡിഎഫ് സർക്കാർ തങ്ങളുടെ അഴിമതി സ്വയം സ്ഥിരീകരിച്ചിരിക്കുകയാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടക്കുന്ന കള്ളക്കളികളാണ് ഇതിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്.
കുത്തക മദ്യക്കമ്പനികളെ സഹായിക്കാനുള്ള നീക്കം മറച്ചുവെക്കാനാണ് ജനാധിപത്യവിരുദ്ധമായി അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതെന്നും പാർട്ടി കുറ്റപ്പെടുത്തി.ഇന്ധനവില കുതിച്ചുയർന്നപ്പോൾ നികുതിയിൽ നേരിയ ഇളവുപോലും നൽകി ജനങ്ങൾക്ക് ആശ്വാസം പകരാൻ തയ്യാറാകാത്ത യുഡിഎഫ് സർക്കാർ, കുത്തക കമ്പനികൾക്കായി 131 ശതമാനം മദ്യനികുതി ഇളവാണ് അനുവദിച്ചത്. യുവാക്കളെയും വിദ്യാർത്ഥികളെയും മദ്യത്തിന് അടിമകളാക്കി കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
അടിയന്തര പ്രമേയത്തിന് അനുമതി നൽകിയാൽ ഈ വിഷയത്തിൽ യുഡിഎഫിലും മന്ത്രിസഭയിലും നിലനിൽക്കുന്ന ആഭ്യന്തര കലഹം പുറത്താകുമായിരുന്നു. ഇത് തടഞ്ഞ് സർക്കാരിനെ രക്ഷിക്കാനാണ് സ്പീക്കർ ശ്രമിച്ചത്.പ്രതിപക്ഷ നേതാവ് ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ‘സഭാ ടിവി’ ദൃശ്യങ്ങളിൽ നിന്ന് നീക്കം ചെയ്തത് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത പാടാണ്. കേന്ദ്ര സർക്കാർ പാർലമെന്റിൽ നടത്തുന്ന അതേ ജനാധിപത്യ വിരുദ്ധ നടപടികളാണ് കേരളത്തിൽ യുഡിഎഫും കോപ്പിയടിക്കുന്നത്.
“നിയമസഭയിൽ വിലക്കിയാലും വെട്ടിമാറ്റിയാലും ഈ ചോദ്യങ്ങൾ കേരളത്തിലെ തെരുവുകളിൽ നിരന്തരമായി ഉയർന്നുകൊണ്ടേയിരിക്കും.”സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും സഭ നിർത്തിവെച്ച് അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്ത പാരമ്പര്യമുണ്ട്. എന്നാൽ ചർച്ചകളിൽ നിന്ന് ഒളിച്ചോടുന്ന യുഡിഎഫ്, രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ ജനാധിപത്യ സംസ്കാരത്തെ തകർക്കുകയാണ്.
അധികാരമേറ്റ് വെറും ഒന്നര മാസത്തിനുള്ളിൽ തന്നെ യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമായി മാറി. സംസ്ഥാന ബജറ്റ് പോലും കുത്തകകൾക്ക് പരവതാനി വിരിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ്-ഹിന്ദുത്വ അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും, നാടിന്റെ നേട്ടങ്ങളെ തകർക്കുന്ന ഇത്തരം ജനവിരുദ്ധ നടപടികളെ ജനങ്ങൾ തിരിച്ചറിയണമെന്നും സിപിഐ (എം) ആഹ്വാനം ചെയ്തു.