Banner Ads

അമ്മ സംഘടനയിൽ വീണ്ടും പൊട്ടിത്തെറി; മല്ലിക സുകുമാരൻ രാജിവെച്ചു

കൊച്ചി : താരസംഘടനയായ അമ്മയിലെ തർക്കങ്ങൾക്കൊടുവിൽ മല്ലിക സുകുമാരനും സംഘടനയിൽ നിന്ന് രാജിവെച്ചു. ശ്വേതാ മേനോന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് മല്ലിക സുകുമാരന്റെ രാജി. ശ്വേതയെ പുറത്താക്കാൻ ഗൂഢാലോചന നടന്നതായും ഇതിന് ചുക്കാൻ പിടിച്ചത് മാലാ പാർവതിയാണെന്നും മല്ലിക സുകുമാരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശ്വേതയെ പുറത്താക്കാനുള്ള നീക്കങ്ങൾ 15 ദിവസം മുൻപേ തുടങ്ങി. അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഒപ്പ് ശേഖരണം നടത്തി. സിദ്ധിക്കും രണ്‍ജി പണിക്കരും ആവശ്യപ്പെട്ട പ്രകാരമാണ് ഒപ്പ് ശേഖരിച്ചതെന്ന് മാലാ പാർവതി തന്നെ എന്നോട് സമ്മതിച്ചിട്ടുണ്ട്. വാർഷിക കണക്കുകൾ അവതരിപ്പിക്കാത്തത് കൊണ്ടല്ല ശ്വേത രാജിവെച്ചത്.

ജനറൽ ബോഡി യോഗത്തിൽ നടൻ ബാബുരാജ് ശ്വേതയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. ബിജെപിക്ക് സ്ഥാനാർത്ഥികളെ ഒപ്പിച്ചു നൽകലാണ് ശ്വേതയുടെ പണിയെന്നാണ് ബാബുരാജ് ആക്ഷേപിച്ചത്. പിന്നാലെയാണ് ശ്വേത സ്റ്റേജിൽ കയറി രാജി പ്രഖ്യാപിച്ചതെന്ന് മല്ലിക സുകുമാരൻ വെളിപ്പെടുത്തി.

ശ്വേതയെ അനുകൂലിച്ച് സംസാരിക്കാൻ ശ്രമിച്ചവർക്ക് മൈക്ക് നിഷേധിച്ചതായും തന്റെ കൈയിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങിയതായും മല്ലിക ആരോപിച്ചു. സംഘടനയിലെ പ്രതിസന്ധി പരിഹരിക്കാൻ മുതിർന്ന താരങ്ങൾ അടിയന്തരമായി ഇടപെടണമെന്നും മല്ലിക സുകുമാരൻ ആവശ്യപ്പെട്ടു.