Banner Ads

പെരുമ്പാവൂരിൽ ചീരയ്ക്കൊപ്പം കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി; അസം സ്വദേശി അറസ്റ്റിൽ

പെരുമ്പാവൂർ : പെരുമ്പാവൂരിൽ വൻ ലഹരിവേട്ട. പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവുമായി ഇതരസംസ്ഥാനക്കാരൻ പിടിയിൽ. അസം സ്വദേശിയായ ഹസീബുൾ ആണ് ബസിനുള്ളിൽ വെച്ച് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ചീരയ്‌ക്കൊപ്പം പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ലഹരിക്കടത്ത് തടയുന്നതിനായി പൊലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഞായറാഴ്ച സ്വകാര്യ ബസുകളിൽ നടത്തിയ പരിശോധനയിലാണ് സംഭവം. ബസിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ പ്രതി ബസിൻ്റെ ബർത്തിലേക്ക് കഞ്ചാവ് വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

അതിനിടെ പെരുമ്പാവൂരിൽ സ്വകാര്യ ബസുകൾ വഴി നിരോധിത ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവങ്ങളിൽ മറ്റ് ചിലരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.