Banner Ads

ക്ഷേമ പെൻഷൻ മുടങ്ങില്ല, 3000 രൂപയാക്കുന്നത് വൈകില്ല; സഭയിൽ ഉറപ്പുനൽകി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ മാസത്തെ പെൻഷൻ വിതരണത്തിനുള്ള ഉത്തരവ് നാളെ പുറത്തിറങ്ങും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനപ്രകാരം പെൻഷൻ തുക 3000 രൂപയാക്കി വർദ്ധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

പെൻഷൻ പട്ടിക പുനഃപരിശോധിക്കുമെന്നും അനർഹരായ പലരും ഇതിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ലോസ് ആഞ്ചൽസിലുള്ള ഒരാൾ വിളിച്ച് ക്ഷേമ പെൻഷൻ കിട്ടിയില്ലെന്ന് പരാതിപ്പെട്ടതായി മുഖ്യമന്ത്രി സഭയിൽ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ഒരുദ്യോഗസ്ഥൻ പറഞ്ഞുവെന്ന് പറഞ്ഞാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, മകൻ വിദേശത്താണെന്ന് കരുതി നാട്ടിലുള്ള അമ്മയ്ക്ക് പെൻഷൻ നിഷേധിക്കുന്നത് ശരിയാണോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു.

അർഹരായ ആർക്കും പെൻഷൻ നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അതേസമയം കഴിഞ്ഞ സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും ഇത് തുടരുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ കുടുംബത്തിന് 25 ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തിലുള്ള ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.