
തൃശ്ശൂർ : തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നടത്തറ വലക്കാവ് നെല്ലാനി സ്വദേശി കളപ്പുരയ്ക്കൽ മെജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്. കുട്ടനല്ലൂർ സെന്റ് ആഗസ്റ്റിൻ സ്കൂളിലെ വിദ്യാർത്ഥിയാണ്.
കുട്ടിക്ക് രണ്ടു ദിവസമായി പനിയും ജലദോഷവും ആയിരുന്നു. ഇതിനാൽ പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ പാത്രം മറിയുകയും തിളച്ച വെള്ളം ശരീരത്തിലേക്ക് വീണ് ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നു.
അപകടം നടക്കുമ്പോൾ കുട്ടിയുടെ അച്ഛനും മുത്തശ്ശിയും വീടിന് പുറകിലായിരുന്നു. അബോധാവസ്ഥയിൽ കണ്ട കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.