Banner Ads

വയറ്റിൽ ഒളിപ്പിച്ചു; സ്കാനിംഗിൽ കുടുങ്ങി: ബത്തേരിയിൽ 64 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി: ലഹരിമരുന്ന് വിഴുങ്ങി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ബസ് യാത്രികനായ യുവാവ് പിടിയിലായി. കോഴിക്കോട് പരപ്പൻപൊയിൽ തെക്കേപ്പുരയിൽ വീട്ടിൽ സനീഷ് കുമാറിനെയാണ് (40) വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. കവറടക്കം 64 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെടുത്തു.

കർണാടകയിൽ നിന്ന് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ ബത്തേരി കോട്ടക്കുന്ന് വെച്ചായിരുന്നു പോലീസ് പരിശോധന. പോലീസിനെ കണ്ട് ഭയന്ന പ്രതി കൈവശമുണ്ടായിരുന്ന ലഹരിമരുന്ന് പാക്കറ്റുകൾ വിഴുങ്ങുകയായിരുന്നു. ആദ്യ ഘട്ട പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്താൻ കഴിയാതിരുന്നതോടെ പോലീസ് പ്രതിയെ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ച് സ്കാനിംഗിന് വിധേയനാക്കി. പരിശോധനയിൽ വയറ്റിനുള്ളിൽ ഉരുളകളുടെ രൂപത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി പ്രതിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.