
കോട്ടയം: കടുത്തുരുത്തി ബൈപ്പാസിൽ ലക്ഷ്വറി കാറുമായി പോയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ലോറിയും ഇതിലുണ്ടായിരുന്ന ബെൻസ് സി-ക്ലാസ് (Benz C-Class) കാറും തീപിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.ഏറ്റുമാനൂരിൽ നിന്നും ബെൻസ് കാർ കയറ്റി പോവുകയായിരുന്ന കണ്ടെയ്നർ ലോറിക്കാണ് കടുത്തുരുത്തി ബൈപ്പാസ് റോഡിൽ വെച്ച് പെട്ടെന്ന് തീപിടിച്ചത്.
കടുത്തുരുത്തി ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചെങ്കിലും ഇരു വാഹനങ്ങളും അപ്പോഴേക്കും പൂർണ്ണമായി കത്തിയമർന്നിരുന്നു.തിരക്കേറിയ മറ്റ് പാതകൾക്ക് പകരം കടുത്തുരുത്തി ബൈപ്പാസ് റോഡിൽ വെച്ചാണ് അപകടം ഉണ്ടായതെന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
അപകട സമയത്ത് ലോറി ഡ്രൈവർ സമയോചിതമായി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.വാഹനത്തിന് തീപിടിക്കാനുണ്ടായ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.