Banner Ads

ലഹരിമാഫിയക്കെതിരെ ഓപ്പറേഷൻ തൂഫാൻ; 15 കോടിയുടെ ഉത്പന്നങ്ങൾ പിടികൂടി, പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

കോഴിക്കോട് : സംസ്ഥാനത്ത് ലഹരിക്കെതിരെ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പദ്ധതിയിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്.

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കൂടുതൽ മതനേതാക്കളുടെ പിന്തുണ തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരെയും എം പിമാരെയും അണിനിരത്തി സ്കൂളുകൾ കേന്ദ്രീകരിച്ച് തൂഫാൻ പ്രവർത്തനങ്ങൾ വിപുലീകരിക്കും. ഇതിന്റെ ഭാഗമായി തൂഫാൻ സ്ട്രൈക്ക്, തൂഫാൻ വാരിയർ, തൂഫാൻ കെയർ എന്നീ ഉപപദ്ധതികളും ആരംഭിക്കും.

ഓപ്പറേഷൻ തൂഫാൻ വലിയ വിജയമാണ്. ജനങ്ങൾ തന്നെ നേരിട്ട് മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറുന്നുണ്ട്. രണ്ട് നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെയുള്ള കച്ചവടക്കാരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിനായി മലയാളത്തിന് പുറമെ മറ്റ് അന്യസംസ്ഥാന ഭാഷകളിലും തൂഫാൻ പ്രചാരണം ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.