
കോട്ടയം : കെബി ഗണേഷ് കുമാറിനെ നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കി. കാലാവധി പൂർത്തിയായ ഗണേഷ് കുമാർ അംഗത്വം പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എൻഎസ്എസ് നേതൃത്വം തയ്യാറായില്ല.
ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റ് എട്ട് അംഗങ്ങൾക്കും ബോർഡിൽ അംഗത്വം പുതുക്കി നൽകി. നേരത്തെ ഗണേഷ് കുമാർ പ്രസിഡന്റായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ എൻഎസ്എസ് നേതൃത്വം പിരിച്ചുവിട്ടിരുന്നു.
അതേസമയം ഗണേഷ് കുമാറിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ഉൾപ്പെടുത്തിയില്ലെന്ന് മാത്രം.എൻഎസ്എസിൽ പൂർണ്ണ ജനാധിപത്യമുണ്ട്. അർഹതയുള്ള ഒരുപാട് പേർ സംഘടനയിലുണ്ട്.
എല്ലാവർക്കും മാറി മാറി അവസരം നൽകേണ്ടതുണ്ട്. പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിൽ എന്തെങ്കിലും ക്രമക്കേടുണ്ടെന്ന് തോന്നുന്നുവെങ്കിൽ ഗണേഷ് കുമാറിന് കേസ് കൊടുക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും എൻഎസ്എസിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും സംഘടനയ്‌ക്കൊപ്പം തുടരുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.