
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേരളം തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. എന്നാൽ സംസ്ഥാനത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെടാതിരിക്കാൻ കരാർ വ്യവസ്ഥകളിൽ ഇളവ് തേടും.
കരിക്കുലത്തിൽ പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കിയായിരിക്കും മുന്നോട്ട് പോവുക. പദ്ധതിയിൽ തുടർനടപടികൾ നിശ്ചയിക്കാൻ ഒരു മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ഇതര സംസ്ഥാനങ്ങളുമായി ചേർന്നാകും കേരളം നീങ്ങുക. പദ്ധതിയിൽ നിന്ന് പിൻമാറാൻ മുൻ സര്‍ക്കാര്‍ കത്ത് നൽകിയിട്ടില്ല. മുൻ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിഡി സതീശൻ വിമർശനമുന്നയിച്ചു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാല് വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടും മൗനം പാലിക്കുകയാണ് ചെയ്തത്. അന്നത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി അതിനെ ന്യായീകരിക്കുകയും ചെയ്തു. സർക്കാരിനെതിരെ ഇപ്പോൾ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്.
കെഎസ്ആർടിസിയുടെ ഒരു ഓർഡിനറി ബസ് പോലും സിറ്റി ബസ് ആക്കി മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലും സിപിഎമ്മിനെതിരെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചു. സിപിഎമ്മിന്റെ യഥാർത്ഥ മുഖംമൂടിയാണ് അഴിഞ്ഞുവീണത്.
തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം കടുത്ത വർഗ്ഗീയ പ്രചാരണമാണ് നടത്തിയത്. സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് പുനരന്വേഷണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സർക്കാരിന്റെ ആദ്യ 100 ദിന കർമ്മ പദ്ധതികൾ ജൂലൈ 1 മുതൽ നടപ്പിലാക്കി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.