
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി നിലപാടുകളെയും വീഴ്ചകളെയും സ്വയംവിമർശനത്തോടെ വിലയിരുത്തി മുൻ മന്ത്രി പി രാജീവ്. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഉയർത്തിയ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്കിടയിൽ തികച്ചും വിപരീതമായ മറ്റൊരു ബോധമാണ് മുദ്രാവാക്യം സൃഷ്ടിച്ചത്. വർഗ്ഗ ബഹുജന സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്നത് നിലവിൽ പാർട്ടി രേഖകളിൽ മാത്രമായി ഒതുങ്ങുകയാണെന്ന് അദ്ദേഹം വിമർശിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ട്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടപടികളുമായി മുന്നോട്ട് പോകണമായിരുന്നു. അവിടെ പാർട്ടിയുടെ സംഘടനാപരമായ സാങ്കേതികത്വങ്ങൾ അല്ല നോക്കേണ്ടിയിരുന്നത്. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീൽ ആക്കിയതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. കമ്പ്യൂട്ടറിൽ ചെയ്യുന്നതുപോലെ രാഷ്ട്രീയത്തിലെ തെറ്റുകൾ അൺഡു ചെയ്യാൻ കഴിയില്ല.
എന്നാൽ അനുഭവങ്ങളിൽ നിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസ്സിലാക്കാൻ സാധിച്ചു. സാങ്കേതികത്വങ്ങൾ നോക്കി നിൽക്കേണ്ടിയിരുന്നില്ലെന്നും പി രാജീവ് പറഞ്ഞു. ലോക്സഭ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ തോൽവി സമയത്തും പാർട്ടി പരിശോധനകൾ നടത്തിയിരുന്നു.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കൃത്യമായി ജനങ്ങളിലെത്തിച്ചതുകൊണ്ട് വലിയ പ്രശ്നങ്ങളില്ലാതെ തിരഞ്ഞെടുപ്പ് മറികടക്കാൻ കഴിയുമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ ജനങ്ങളുടെ ബോധം മറ്റൊന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.