Banner Ads

പുരുഷ വിരോധിയല്ല; സ്ത്രീകളുടെ കൈയിലെ കാശേ വീട്ടിലെത്തൂ, മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിനെതിരെ പുരുഷ സംഘടനകൾ (മെൻസ് അസോസിയേഷൻ) നടത്തുന്ന പ്രതിഷേധങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശൻ. മെൻസ് അസോസിയേഷന്റെ പ്രതിഷേധം തികച്ചും രസകരമാണ്. താനൊരു പുരുഷ വിരോധിയൊന്നുമല്ല.

സ്ത്രീകളുടെ കൈയിലാണ് പണം മിച്ചം വരുന്നതെങ്കിൽ ആ പൈസ വീട്ടിലെത്തും. പക്ഷേ പുരുഷന്മാരുടെ കാര്യത്തിൽ അങ്ങനെയല്ല. പൈസയിൽ കുറച്ചൊക്കെ ചിലർ വീട്ടിൽ കൊടുക്കുമായിരിക്കും. ബാക്കി തുക എവിടെപ്പോകും. അത് തിരിച്ച് സർക്കാരിന് തന്നെ കിട്ടുമെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പറഞ്ഞു.

അവർക്ക് യാത്ര ചെയ്യാൻ വേറെയും ബസുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശിനി പദ്ധതി സൗജന്യമല്ലെന്നും സർക്കാരിന് സ്ത്രീകളോടുള്ള ആദരവിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കാൻ ഒരു സമൂഹം പഠിക്കണമെന്നുള്ള ആഹ്വാനം കൂടിയാണ് ഈ പദ്ധതി.