
കോഴിക്കോട് : സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനാണ് മരിച്ചത്. മലപ്പുറം കോഡൂർ പൂക്കോട്ടൂർ സ്വദേശിയായ ആർജവ് ആണ് മരിച്ചത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 12നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്ഥാനത്ത് ഇതുവരെ 135 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
ഭൂരിഭാഗവും കോഴിക്കോട് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കിണറുകളും കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43കാരന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് രോഗിയുള്ളത്. രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേരും.
ഇതിന് ശേഷം രോഗിയ്ക്ക് ഒരു ഡോസ് കൂടി മോണോക്ലോണൽ ആന്റിബോഡി നൽകുന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സമ്പർക്ക പട്ടികയിൽ 103 പേരുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.