Banner Ads

നിപ ഭീതിക്കിടെ ആശ്വാസം; രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട് : കോഴിക്കോട് ഒരാൾക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിലെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നിവടങ്ങളിൽ നിന്നുള്ള വിദഗ്ധരടങ്ങുന്ന സംഘമാണ് കോഴിക്കോട്ടെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ജില്ലയിൽ വിളിച്ചുചേർത്തിട്ടുള്ള അടിയന്തര നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും. പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിക്കുന്നതിനായി ആരോഗ്യമന്ത്രി നാളെ കോഴിക്കോട് ജില്ലയിൽ ക്യാമ്പ് ചെയ്യും. അതേസമയം, രോഗബാധിതനുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന മൂന്ന് പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായി.

ഇവരെ കഴിഞ്ഞദിവസം ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിലെ പ്രത്യേക ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയത്. എങ്കിലും ഇവരെ നിരീക്ഷണത്തിൽ തന്നെ തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.