
തിരുവനന്തപുരം : മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ വൈലാക്കാട് സ്വദേശി സോണി തോമസാണ് പോലീസിന്റെ പിടിയിലായത്. കന്റോൺമെന്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയാണ് പ്രതി കോൾ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് തിരുവനന്തപുരം സിറ്റി പോലീസ് ഡിസ്ട്രിക്റ്റ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ ഔദ്യോഗിക നമ്പറിലേക്ക് രണ്ട് തവണ വിളിച്ച് കൊലവിളി നടത്തിയത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നും അതിലൂടെ പ്രശസ്തനാകുക എന്നതാണ് തന്റെ ലക്ഷ്യമെന്നുമാണ് സോണി ഫോണിലൂടെ പറഞ്ഞത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും മുഖ്യമന്ത്രിക്ക് നിലവിലുള്ള സുരക്ഷ മതിയോ എന്ന് വെല്ലുവിളിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള വ്യക്തിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. ഇയാൾക്കെതിരെ നേരത്തെയും കേസുകളുണ്ട്.